Thursday, December 08, 2011

വീരുവിന് സ്നേഹപൂര്‍വ്വം........


ഇന്‍ഡോറില്‍ ഇന്നു നടന്ന ഏകദിനത്തില്‍ നീ ബാറ്റേന്തുമ്പോള്‍ ഞാന്‍ നിന്നെ കണ്ടിരുന്നു,കഴിഞ്ഞ ദിവസത്തെ തോല്‍വികാരണം വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു,പക്ഷേ.മനസ്സുകൊണ്ട് ആഗ്രഹിച്ചുപോയി വീരു നീയിന്നൊരു സെഞ്ച്വറിയെങ്കിലും അടിച്ചിരുന്നെങ്കിലെന്ന്. നിരാശപ്പെടുത്തിയില്ല 51ബോളില്‍ അര്‍ദ്ധസെഞ്ച്വറിതികച്ചപ്പോള്‍ ആശ്വസിച്ചു ,പത്തൊമുപ്പതോ പന്തുകൂടി നേരിട്ടാല്‍ വീരു വീണ്ടും ഒരു സെഞ്ച്വറി തികക്കുമെന്നുറപ്പിച്ചു.എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് 18 ബോളുകള്‍ കൂടിനേരിട്ടപ്പോള്‍ സെഞ്ചറികടന്നു.“വീരു...! വീരുവിനേക്കൊണ്ടു മാത്രം കഴിയാവുന്ന ഒന്ന്.43.2 മത്തെ ഓവറില്‍ നീ 197 ഏഴാമത്തെ റണ്ണില്‍ സെയ്‌ത് അന്‍‌വറിനേയും താണ്ടി നില്‍ക്കുമ്പോള്‍ ഒന്നു പ്രതീക്ഷിച്ചു ഒരു സിക്സറിലൂടെ നീ 200 കടക്കുമെന്ന്,എന്നാല്‍ അല്പം നിരാശപരത്തിക്കൊണ്ട് ആന്ദ്രെ റൂസ്സലിനെ ബാക്ക്വേഡ് പോയന്റിലേക്ക് ഫോറടിച്ച് നീ ഡബിള്‍ സെഞ്ച്വറികടക്കുമ്പോള്‍ ഞങ്ങള്‍ അല്പനേരത്തേക്കെങ്കിലും മറന്നത് ഒരു വലിയ ദുഃഖമായിരുന്നു..മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വഞ്ചിതരായി ദുഃഖിച്ചിരുന്ന ഞങ്ങള്‍ മനസ്സു തുറന്ന് സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. നമ്മുടെയെല്ലാമായ സച്ചുവിന്റെ റെക്കോഡ് തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു വിക്കൃതിച്ചെക്കനെപ്പോലെ ക്രീസില്‍ നില്‍ക്കുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മതരാന്‍ തോന്നിപ്പോയി.എന്തൊരു പ്രകടനാമായുരുന്നു പഹയാ ഇത്?!!,രണ്ടു വര്‍ഷം മുമ്പ് ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ നേടിയ ഡബിള്‍ സെഞ്ച്വറി(200)യാണ് വിസ്മൃതിയിലായത്. സെയ്ത് അന്‍‌വര്‍ എന്ന പാകിസ്ഥാന്‍ കാരന്‍ 1997-ല്‍ ചേപ്പാക്കം സ്റ്റേഡിയത്തി ഇന്‍ഡ്യക്കെതിരെ നേടിയ194 എന്ന സ്കോര്‍ പതിമൂന്ന് വര്‍ഷങ്ങളോളംഇന്‍ഡ്യന്‍ ആരാധകര്‍ മനസ്സിലെ ഉണങ്ങാത്ത മുറിവായി കൊണ്ടു നടക്കുമ്പോളാണ് സച്ചിന്‍200 റണ്‍സ്സ് എടുത്ത് ആ മുറിവുണക്കുന്നത്.

അമ്മച്ചി കറന്നു വെച്ചിരുന്ന എരുമപ്പാലു മുഴുവന്‍ കുടിച്ചു തീര്‍ത്ത് വീട്ടുകാരെ മുടിപ്പിക്കുമ്പോള്‍, അമ്മ നിന്നെ ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ടാവും,തല്ലിയിട്ടുണ്ടാവും.സാരനില്ല ,അങ്ങനെ നിന്നെ തല്ലിയിട്ടുണ്ടെങ്കില്‍ ആ അമ്മ ഇപ്പോള്‍ പശ്ചാതപിക്കുന്നുണ്ടാവും,ആനന്ദക്കണ്ണീര്‍കൊണ്ടവര്‍ ഈ ദിനം ആഘോഷിക്കുന്നുണ്ടാവും.കുടിച്ച എരുമപ്പാലിന്റെ കരുത്തു മുഴുവന്‍ ബാറ്റിലേക്കാവാഹിച്ച് കരീബിയന്‍ കുതിരവേഗത്തിനെ തല്ലിയകറ്റുമ്പോള്‍ കരീബിയക്കാര്‍ പഴയ കാല ടീമിന്റെ നിഴല്‍‌പോലുമായിരുന്നില്ല.71 പന്തില്‍ 5 സിക്സറുകളുടെ അകമ്പടിയോടുകൂടി സെഞ്ച്വറിപൂര്‍ത്തിയാക്കിയ നീ 149 പന്തില്‍നിന്നും219 റണ്‍സ്സ് നേടി ചരിത്രത്തിന്റെ കൊടുമുടിയില്‍ ഉപവിഷ്ടനാകുന്നത് അത്ഭുതത്തോടെ നോക്കിനിന്നു,അതിന് 25 ബൌണ്ടറികളുടേയും,7 സിക്സറുകളുടേയും തോരണങ്ങളും ഉണ്ടായിരുന്നു.എത്ര മനോഹരമായ ഒരിന്നിംഗ്‌സ്.!! അപ്പോഴും മിച്ചമുണ്ടായിരുന്ന നാലോവര്‍ കൂടി നീ ക്രീസ്സില്‍ നിന്നിരുന്നെങ്കിലെന്ന് അത്യാഗ്രഹം തോന്നിപ്പോയി,250 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു.നിന്നില്‍നിന്നും ഞങ്ങള്‍ അമിതമായി പ്രതീക്ഷിക്കയാണോ എന്നറിയില്ല. പക്ഷേ...ഇനിയും നിന്നില്‍നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,ഒരുപാടൊരുപാട് റെക്കോഡുകള്‍.....ഗ്യാലറികളെ ഇളക്കിമറിക്കുന്ന നിന്റെ ബാറ്റിംഗ് പ്രതിഭാസത്തിന് ഒരിക്കലും മങ്ങലേല്‍ക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...ആശംസകള്‍..നൂറുനൂറാശംസകള്‍..

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More